വാട്‌സ്ആപ്പ് സ്പീക്ക്: ഗ്രൂപ്പുകളിൽ വരുന്ന മെസേജുകളിൽ ചിലതു മാത്രം തെരഞ്ഞെടുത്തു മറുപടി കൊടുക്കാനും കോപ്പി ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഫോർവേഡ് ചെയ്യാനുമുള്ള സംവിധാനമാണിത്. ഫേസ്ബുക്കിലെ കമന്റ് ബോക്‌സിൽ വരുന്ന ചില കമന്റുകൾക്കു തെരഞ്ഞെടുത്തു മറുപടി നൽകാവുന്ന അതേ സംവിധാനമാണ് വാട്‌സ്ആപ്പിലും വന്നിരിക്കുന്നത്. ഇതു പ്രത്യേകമായി തിരിച്ചറിയാനും മാർഗമുണ്ട്.
വോയ്‌സ്‌മെയിൽ: വാട്‌സ്ആപ്പിൽ കോൾ ചെയ്യുമ്പോൾ സംസാരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രണ്ടുപേർക്കും പരസ്പരം വോയ്‌സ്‌മെയിലുകൾ അയയ്ക്കാം.
സെൽഫീ ആറ്റ് നൈറ്റ്: രാത്രിയിൽ സെൽഫി എടുക്കുമ്പോൾ വെളിച്ചക്കുറവു മൂലം വൃത്തിയായില്ലെന്ന പരാതിക്കും പരിഹാരമാകുന്നു. ഫോണിന്റെ സ്‌ക്രീനിൽ വെളിച്ചം കൂട്ടി ഫ്‌ളാഷായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഇത്.
ബോൾഡ്, ഇറ്റാലിക്‌സ്, സ്‌ട്രൈക്ക്ത്രൂ: വാട്‌സ്ആപ്പിൽ മെസേജുകൾ ബോൾഡായും ഇറ്റാലിക്‌സായും സ്‌ട്രൈക്ക്ത്രൂവായും അയക്കാനും സംവിധാനം നിലവിൽവന്നു. ബോൾഡായി സന്ദേശം അയക്കാൻ ഓരോ വാക്കിനു മുന്നിലും പിന്നിലുമായി (*) എന്ന ചിഹ്നം ചേർത്താൽ മതി. ഉദാഹരണം: *വാട്‌സ്ആപ്പ്*. ഇറ്റാലിക്‌സ് ആക്കണമെങ്കിൽ (_) എന്ന ചിഹ്നം ചേർക്കണം. ഉദാഹരണം: _വാട്‌സ്ആപ്പ്_. വാക്കിനു മുകളിലൂടെ വരയിടണമെങ്കിൽ (~) എന്ന ചിഹ്നം ചേർക്കണം ഉദാഹരണം: ~
നീല ടിക് ഒഴിവാക്കാം: ഒരാൾ അയച്ച സന്ദേശം നമ്മൾ വായിച്ചുകഴിഞ്ഞാൽ സന്ദേശം അയച്ചയാൾക്കു സ്വാഭാവികമായും നീല ടിക് ലഭിക്കും. ഇത് ഒഴിവാക്കാൻ മാർഗമുണ്ട്. സെറ്റിംഗ്‌സിൽ അക്കൗണ്ട് എന്ന ഓപ്ഷനിൽ പ്രൈവസി സെലക്ട് ചെയ്യുക. റീഡ് റെസീപ്റ്റ്‌സ് എന്ന ഓപ്ഷൻ അൺ ടിക് ചെയ്യുക. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരാൾക്ക് അയച്ച സന്ദേശം വായിക്കപ്പെട്ടാൽ അതും അറിയാൻ സാധിക്കില്ലെന്നതു മറക്കേണ്ട.
നീല ടിക് വീഴാതെ മെസേജ് വായിക്കാൻ: നിങ്ങൾക്ക് ഒരു മെസേജ് വന്നുകഴിഞ്ഞാൽ ഉടൻതന്നെ ഫോൺ എയർപ്ലെയിൻ മോഡിലേക്കു മാറ്റുക. അതിനു ശേഷം വാട്‌സ്ആപ്പ് ഓപ്പൺ ചെയ്ത് മെസേജ് വായിക്കുക. തുടർന്നു വാട്‌സ്ആപ്പ് ക്ലോസ് ചെയ്യുക. എയർപ്ലെയിൻ മോഡ് മാറ്റിയാലും സന്ദേശം അയച്ചയാൾക്കു നീല ടിക് ലഭിക്കില്ല.
ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യാൻ: വാട്‌സ്ആപ്പിൽ നടത്തുന്ന എല്ലാ സംസാരങ്ങളും സേവ് ചെയ്തു വയ്ക്കാൻ മാർഗമുണ്ട്. സെറ്റിംഗ്‌സിൽ പോവുക. അവിടെ ചാറ്റ് എന്ന ഓപ്ഷനിൽ ചാറ്റ് ബായ്ക്കപ്പ് ആക്ടിവേറ്റ് ചെയ്യുക. വീഡിയോകളും ഇത്തരത്തിൽ സേവ് ചെയ്തിടാം. എത്രനാൾ കൂടുമ്പോൾ ചാറ്റുകൾ ബായ്ക്ക്അപ്പ് ചെയ്യണമെന്നു നിശ്ചയിക്കാനാവും.
വലിയ ഹൃദയചിഹ്നം അയയ്ക്കാൻ: ഹാർട്ട് എമോജി സെലക്ട് ചെയ്യുക. മറ്റൊരു സന്ദേശവുമില്ലാതെ എമോജി മാത്രം അയച്ചാൽ വലിയ ഹൃദയ ചിഹ്നം ലഭിക്കും.
കംപ്യൂട്ടറിൽനിന്നും കംപ്യൂട്ടറിലേക്കും ഫയൽ അയയ്ക്കാൻ: ഡെസ്‌ക്‌ടോപ്പിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന വാട്‌സആപ് വെബ് സംവിധാനം ഉപയോഗിച്ച് അനായാസം കംപ്യൂട്ടറിൽനിന്നും ഫോണിലേക്കും ഫോണിൽനിന്നു കംപ്യൂട്ടറിലേക്കും ഫയലുകൾ അയയ്ക്കാം. www.web.whatsapp.com എന്ന സൈറ്റിൽ കിട്ടുന്ന ക്യൂ ആർ കോഡ് ഫോണിൽ സ്‌കാൻ ചെയ്താൻ വെബ് വാട്‌സ്ആപ്പിൽ കയറാം. ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്ക് ഒരു സുഹൃത്തിനെ ചേർക്കുക. അയാളെ റിമൂവ് ചെയ്യുക. ഇപ്പോൾ നിങ്ങൾ മാത്രം അംഗമായ ഗ്രൂപ്പായിരിക്കും അത്. ആ ഗ്രൂപ്പിലേക്കു വീഡിയോ അയയ്ക്കുക. അതു കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടറിലെ ഒരു മെസേജ് ഇതേരീതിയിൽ ഫോണിലേക്കും അയക്കാം.
ചാറ്റിൽ പലർക്കു പല ടോണുകൾ: പലരുടെ ചാറ്റുകൾക്കു പല ടോണുകൾ അസൈൻ ചെയ്യാൻ സംവിധാനവും വന്നിട്ടുണ്ട്. അതിനായി ടോൺ മാറ്റേണ്ടയാളുടെ കോൺടാക്ട് വാട്‌സ്ആപ്പിൽ സെലക്ട് ചെയ്യുക. അതിൽ കസ്റ്റം നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്തു മാറ്റേണ്ട ടോൺ നൽകിയാൽ മതി.