അധികാരമുള്ള ജോലി, ആകർഷകമായ ശമ്പളം, സമൂഹത്തിൽ നിലയും വിലയും... അഞ്ച് ലക്ഷത്തിലേറെ ബിദുദ ധാരികൾക്ക് ഉദ്യോഗ പ്രതീക്ഷയുമായി പഞ്ചായത്ത് സെക്രട്ടറി, ബി. ഡി. ഒ, ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ഈ മാസമിറങ്ങും.
മൂന്ന് തസ്‌തികകളിലേക്കും എണ്ണൂറിലേറെ ഒഴിവുകളുണ്ടെന്നാണ് അറിയുന്നത്. പഞ്ചായത്ത് സെക്രട്ടറി പോസ്റ്റിലേക്കാണ് കൂടുതൽ ഒഴിവുള്ളത്. 2010 ഡിസംബർ 20ന് നിലവിൽവന്ന കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 229 പേരേ പി.എസ്.സി അഡ്വൈസ് ചെയ്തിരുന്നു. 2011 ഒക്ടോബർ 15നാണ് ഏറ്റവും ഒടുവിൽ അഡ്വൈസ് ചെയ്തതത്. സംസ്ഥാനത്ത് 999 ഗ്രാമ പഞ്ചായത്തുകളുള്ളതിനാൽ അവസരങ്ങളും ഏറെയാണ്.
റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ചില യുവപഞ്ചായത്ത് പ്രസിഡന്റുമാർ രാജിവച്ച് പഞ്ചായത്ത് സെക്രട്ടറിയായ സംഭവവും കഴിഞ്ഞതവണ ഉണ്ടായി. ബി.ഡി.ഒ ഉദ്യോഗത്തിനും ഒഴിവുകളേറെയാണ്. 2007-ലാണ് ബി.ഡി.ഒ തസ്തികയിലേക്ക് ഏറ്റവുമൊടുവിൽ വിജ്ഞാപനമിറങ്ങിയത്. എന്നാൽ, 62 പേർക്ക് മാത്രമാണ് നിയമനം കിട്ടിയത്.
ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിൽ പൊതുവായ പരീക്ഷ മതിയെന്നാണ് പി.എസ്.സിയുടെ നിലപാട്. അങ്ങനെയാണെങ്കിൽ, പഞ്ചായത്ത് സെക്രട്ടറി, ബി.ഡി.ഒ, ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ തസ്തികകളിൽ പൊതുവായ പരീക്ഷയാവും നടക്കുക. എന്നാൽ, വിജ്ഞാപനവും റാങ്ക് ലിസ്റ്റും പ്രത്യേകമായിട്ടായിരിക്കും. ഒബ്‌ജക്‌റ്റീവ് പരീക്ഷയും, വിവരണാത്മക പരീക്ഷയും ഇന്റർവ്യൂവും ഉണ്ടായേക്കും. വിവരണാത്മക പരീക്ഷയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പരീക്ഷകളുടെയും സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരണത്തിന്റെയും തീയതികൾ മുൻകൂർ പ്രഖ്യാപിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ള ഇരുപത്തഞ്ചോളം പരീക്ഷകൾ പി.എസ്.സി ഇക്കൊല്ലം പൊതുപരീക്ഷയായി നടത്തിയിരുന്നു.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി തിരുവനന്തപുരത്ത് ജോലിചെയ്യുന്നവർക്ക് സ്വന്തം ജില്ലയിലേക്ക് മാറണമെങ്കിൽ ലോക്കൽ ഫണ്ട് ഓഡിറ്റാണ് ഇപ്പോൾ പ്രധാന ആശ്രയം. ഒഴിവുണ്ടെങ്കിൽ ജില്ലാ പി.എസ്.സിയിലേക്കും മാറാം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജോലിയെക്കാൾ ആകർഷകമാണ് പഞ്ചായത്ത് സെക്രട്ടറി, ബി.ഡി.ഒ, ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ തസ്തികകൾ.
ഹ്രസ്വകാല കോഴ്സിന് 10,000 രൂപവരെ
പഞ്ചായത്ത് സെക്രട്ടറി, ബി.ഡി.ഒ, ജൂനിയർ എംപ്ളോയ്മെന്റ് ഓഫീസർ തസ്തികകളുടെ ഗ്ളാമറും ആകർഷണീയതയും കണക്കിലെടുത്ത് സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾ ക്രാഷ് കോഴ്സുകളാരംഭിച്ചിട്ടുണ്ട്. 5000 മുതൽ 10000 വരെയാണ് ഫീസ്. വരാനിടയുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് കൂടി കണക്കിലെടുത്ത് ദീർഘകാല കോച്ചിംഗ് പാക്കേജുകളും പ്രഖ്യാപിച്ചുകഴിഞ്ഞു.