Mathrubhumi News Posted on: 03 Sep 2010
ജിമെയിലിന്റെ ഇന്‍ബോക്‌സ് തുറക്കുമ്പോള്‍ അമ്പരിപ്പിക്കുംവിധം ഒരു ജനക്കൂട്ടത്തിനകത്ത് പെട്ടുപോയ അവസ്ഥയിലാകാറുണ്ട് പലരും. നൂറുകണക്കിന് മെയിലുകളാകും ഇന്‍ബോക്‌സില്‍ വന്നു നിറഞ്ഞിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട കത്തുകളുണ്ട്, അപ്രധാനമായവയുണ്ട്,ശല്യമെയിലുകള്‍(സ്പാം മെയിലുകള്‍) ഉണ്ട്.......ഇതിനിടയില്‍പെട്ടുള്ള ശ്വാസംമുട്ടലൊഴിവാക്കാന്‍ പുതിയ മാര്‍ഗം ജിമെയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്കെത്തുന്ന മെയിലുകളില്‍ പ്രധാനപ്പെട്ടവയും അപ്രധാനമായവും വേര്‍തിരിച്ച് ഇന്‍ബോക്‌സില്‍ കാട്ടാനുള്ള 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) സംവിധാനമാണ് ഇന്നു മുതല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്കവരും ഇന്ന് ജിമെയില്‍ തുറക്കുമ്പോള്‍, ഹോംപേജിന് മുകളില്‍ ചുവന്ന നിറത്തില്‍ അതു സംബന്ധിച്ച് അറിയിപ്പ് കണ്ടിട്ടുണ്ടാകും.
പുതിയ സംവിധാനം സജ്ജമാക്കുന്നതോടെ, ജിമെയില്‍ ഹോംപേജിന്റെ ഇടതുവശത്ത് ഫോള്‍ഡറുകള്‍ കുത്തനെ കാണുന്ന ഇടത്ത്, 'ഇന്‍ബോക്‌സി'നും (Inbox) 'കമ്പോസ് മെയിലി'നും (Compose mail) ഇടയിലായി 'പ്രയോരിറ്റി ഇന്‍ബോക്‌സ്' (Priority Inbox) എന്നൊരു പുതിയ ഫോള്‍ഡര്‍ കൂടി പ്രത്യക്ഷപ്പെടും. എന്നുവെച്ചാല്‍, ജിമെയിലിലെ പരമ്പരാഗത ഇന്‍ബോക്‌സ് അവിടെയുള്ളപ്പോള്‍ തന്നെ പുതിയ സമീപനത്തോടെ ഒരു ഇന്‍ബോക്‌സ് കൂടി ഏര്‍പ്പെടുത്തുകയാണ് ജിമെയില്‍ ചെയ്തിരിക്കുന്നത്.'പ്രയോരിറ്റി ഇന്‍ബോക്‌സി'ല്‍ ക്ലിക്ക് ചെയ്യുന്നതോടെ, പഴയ ഇന്‍ബോക്‌സിന് പകരം മൂന്ന് വിഭാഗമായി തിരിച്ചിട്ടുള്ള ഇന്‍ബോക്‌സ് തുറന്നു വരും. അതില്‍ ഏറ്റവും മുകളിലുള്ള ഭാഗം 'ഇംപോര്‍ട്ടന്റ് ആന്‍ഡ് അണ്‍റീഡ്' (Important and unread) എന്നും, അതിനു താഴെയായി 'സ്റ്റാര്‍ഡ്' (Starred) എന്ന വിഭാഗവും, ഏറ്റവും ചുവട്ടില്‍ 'എവരിതിങ് എല്‍സ്' (Everything else) എന്ന ഭാഗവും ആണ്. ഈ വേര്‍തിരിവില്‍ നിന്നു തന്നെ കാര്യം വ്യക്തമാണ്. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഏറ്റവും മുകളിലുള്ള ഭാഗത്ത് പ്രത്യക്ഷപ്പെടും. നിങ്ങള്‍ ആര്‍ക്കാണ് കൂടുതല്‍ തവണ മറുപടി ആയയ്ക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചാണ് നിങ്ങള്‍ക്കുള്ള സന്ദേശം പ്രധാനപ്പെട്ടതാണോ എന്ന് ജിമെയില്‍ തീരുമാനിക്കുന്നത്. അവഗണിക്കാന്‍ പാടില്ലാത്ത മെയിലുകളുണ്ടെങ്കില്‍, അതിന് നക്ഷത്രചിഹ്നം നല്‍കിയാല്‍ മതി. ഇന്‍ബോക്‌സിലെ സ്റ്റാര്‍ഡ് ഭാഗത്ത് അത് പ്രത്യക്ഷപ്പെടും.നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കുള്ള കത്തുകള്‍ പ്രധാനപ്പെട്ടതേത് അവഗണിക്കേണ്ടതേത് എന്നിങ്ങനെ വര്‍ഗീകരിച്ച് നിങ്ങളുടെ മുന്നിലെത്തിക്കുന്നതിന് തുല്യമാണ് ഈ സേവനമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്ന വിവരം ഗൂഗില്‍ വെളിപ്പെടുത്തിയത്. സമീപകാലത്ത് ജിമെയിലില്‍ സംഭവിക്കുന്ന രണ്ടാമത്തെ പരിഷ്‌ക്കരണമാണിത്. ജിമെയിലിലെ കോണ്‍ട്ക്ടുകളെ പുതിയ രീതിയില്‍ സംവിധാനം ചെയ്തുകൊണ്ടും, ഹോംപേജിന്റെ ഇടതുവശത്തെ ഫോള്‍ഡറുകള്‍ ക്രമീകരിച്ചും കാര്യമായ പരിഷ്‌ക്കരണം കഴിഞ്ഞ മാസം ജിമെയില്‍ നടത്തിയിരുന്നു.